തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു.
ഒളരിക്കര സ്വദേശി 26 വയസുള്ള ശ്രീരാഗാണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം.
മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്.
പരിക്കുകൾ ഗുരുതരമല്ല. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി.
തുടർന്നായിരുന്നു കത്തിക്കുത്ത്. ശ്രീരാഗ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുത്തിയ അൽത്താഫിനും സംഘട്ടനത്തിൽ പരിക്കേറ്റു. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റവരിൽ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.