വെള്ളാങ്ങല്ലുർ സർക്കാർ ആയുർവേദ ഡിസ്പെൻസറി ലഭിച്ചത് എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ
വെള്ളാങ്ങല്ലുർ, തൃശൂർ : വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് ലഭിച്ച എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് മെയ് 28 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജിൽ നിന്നും വെള്ളാങ്ങല്ലുർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിഷ ഷാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചർമം ശ്രീമതി ഷീല സജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രി മുകേഷ് എം എം, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ.ശ്രീജ കെ വി , മുൻ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ.മുഹസ്. കെ. കരീം എന്നിവർ ചേർന്നു ഏറ്റുവാങ്ങി.
യോഗ ഹാൾ നിർമിച്ച് പ്രവർത്തന സജ്ജമാക്കൽ, ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇമേജുമായി കരാറിലേർപ്പടൽ എന്നിങ്ങനെ നിരവധി നാഴികക്കല്ലുകൾ പിന്നിടുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കേരള സർക്കാർ ആയുർവേദ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും സഹകരണത്തോടെ ആശുപത്രി വികസന സമിതിയുടെ മേൽ നോട്ടത്തിൽ ജീവനക്കാരും ആശാ പ്രവർത്തകരും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിച്ചത്.
കേരളത്തിലെ ആയുഷ് സ്ഥാപനങ്ങളുടെ ആരോഗ്യ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഘട്ടം ഘട്ടമായി സ്ഥാപനങ്ങൾക്ക് എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ 2022ൽ തന്നെ ചിട്ടയായ പ്രവർത്തനം ആരംഭിച്ചിരുന്നു. ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 700 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ നിന്നും പ്രാഥമിക ഗ്യാപ് അനാലിസിസ് നടത്തിയ ശേഷമാണ് എൻ. എ. ബി. എച്ച് അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുവാൻ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഈ സ്ഥാപനങ്ങളിൽ സ്ഥാപനതല ആഭ്യന്തര അസ്സെസ്സ്മെന്റ്, ജില്ലാതല അസ്സെസ്സ്മെന്റ്, സംസ്ഥാനതല അസ്സെസ്സ്മെന്റ് എന്നിവ നടത്തി കുറവുകൾ നികത്തിയ ശേഷമാണ് ക്വാളിറ്റി കൌൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലെ എൻ. എ. ബി. എച്ച് നിയോഗിച്ച ദേശീയതല സംഘത്തിന്റെ അസ്സെസ്സ്മെന്റ് നടന്നത്. കേരളത്തിൽ 250 (2024ൽ ആദ്യ ഘട്ടമായി 150, ഇപ്പോൾ രണ്ടാം ഘട്ടമായി 100) സർക്കാർ ആയുഷ് ഡിസ്പെൻസറികൾക്ക് എൻ. എ. ബി. എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനാകാത്ത ചരിത്ര നേട്ടമാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, മുഴുവൻ സമയ ശുദ്ധജല ലഭ്യത, വൈദ്യുത ബാക്കപ്പ്, ഇന്റർനെറ്റ് സൗകര്യം ഭിന്നശേഷീസൗഹൃദ ശൗചാലയം, കെട്ടിടത്തിനുള്ളിലും പുറത്തുമുള്ള അഗ്നിശമന സൗകര്യം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ, അവശ്യമരുന്നുകളുടെയും ഉപകരണങ്ങളുടെയും അടിസ്ഥാന ലാബ് പരിശോധനകളുടെയും ലഭ്യത, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ (ഡോക്ടർ), ഫാർമസിസ്റ് , അറ്റൻഡർ / ഡിസ്പെൻസർ, പാർട്ട് ടൈം സ്വീപ്പർ, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ (കുറഞ്ഞത് ജി. എൻ. എം യോഗ്യതയുള്ള നേഴ്സ്), യോഗ ഇൻസ്ട്രക്ടർ എന്നീ ആതുരസേവകരുടെ ലഭ്യത, രോഗിപരിചരണത്തിന്റെ ഗുണനിലവാരം, രോഗികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ, ചികിത്സാരേഖകൾ ലഭ്യമാക്കൽ, ഗുണനിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ, പരിശീലന പരിപാടികൾ, മരുന്നുകളുടെ ഗുണ നിലവാരമുള്ള സംഭരണവും വിതരണവും, അണുബാധ നിയന്ത്രണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിലയിരുത്തിയശേഷം ലഭ്യാമാകുന്ന സേവനങ്ങളെക്കുറിച്ചും രോഗികളുടെ അവകാശങ്ങളെക്കുറിച്ചും സ്ഥാപനത്തിലെത്തുന്ന രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും പൊതുജനങ്ങൾക്കുള്ള അഭിപ്രായം കൂടി പരിഗണിച്ചാണ് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചത്.

