കിറ്റ്കാറ്റ് ഓഎസുകളില്‍ പ്രവര്‍ത്തക്കുന്ന ഫോണുകളില്‍ വാട്സ്ആപ്പ് സേവനം ലഭ്യമാകില്ല

കിറ്റ്കാറ്റ് ഓഎസുകളില്‍ പ്രവര്‍ത്തക്കുന്ന ഫോണുകളില്‍ വാട്സ്ആപ്പ് സേവനം ലഭ്യമാകില്ല

സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ കാലഹരണപ്പെട്ട പതിപ്പായ ആൻഡ്രോയിഡ് 4.4 അഥവാ കിറ്റ്കാറ്റ് ഓഎസ് എന്നറിയപ്പെടുന്ന വേർഷനിലെ സേവനമാണ് വാട്സ്ആപ്പ് അവസാനിപ്പിച്ചത്. ഈ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നവര്‍ സേവനങ്ങൾ തുടർന്നും ലഭ്യമാവണമെങ്കില്‍ ഉപയോക്താക്കൾ ഫോണ്‍ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണിലേക്ക് മാറുകയോ ചെയ്യണം.

ആൻഡ്രോയിഡ് 5.0 (ലോലിപോപ്പ്) വേര്‍ഷനില്‍ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ വാട്സ്ആപ്പ് ബേസിക്ക് നീഡ്സ് വർധിപ്പിച്ചതായും സൂചനയുണ്ട്. ആൻഡ്രോയിഡ് കിറ്റ്കാറ്റ്, 2013 സെപ്റ്റംബറിലാണ് പുറത്തിറങ്ങിയത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുള്ള ഉപയോക്താക്കൾക്ക് ഏകദേശം ഒരു പതിറ്റാണ്ടായി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്.

ഗൂഗിൾ പങ്കിട്ട സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആൻഡ്രോയിഡ് 4.4ൽ പ്രവർത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നത് ആകെ ഉപയോക്താക്കളുടെ 0.5 ശതമാനത്തിനും 0.7 ശതമാനത്തിനും ഇടയിലുള്ളവരാണ്. ഇപ്പോൾ ആൻഡ്രോയിഡ് 4.4 ലുള്ള ഉപയോക്താക്കൾ ആൻഡ്രോയിഡ് 5.0-ലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്കുള്ള അപ്‌ഡേറ്റ് ലഭ്യമല്ലെങ്കിൽ, ഉപയോക്താക്കൾക്ക് മറ്റൊരു പുതിയ സ്മാർട്ട്‌ഫോൺ തെരഞ്ഞെടുക്കേണ്ടി വരികയും ചെയ്യും.