വിക്രമും പ്രഗ്യാനും ‘ഉണരാൻ’ വൈകും; നടപടി ശനിയാഴ്ചത്തേയ്ക്കു മാറ്റി ഐഎസ്ആർഒ

വിക്രമും പ്രഗ്യാനും ‘ഉണരാൻ’ വൈകും; നടപടി ശനിയാഴ്ചത്തേയ്ക്കു മാറ്റി ഐഎസ്ആർഒ

ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇതു ശനിയാഴ്ചത്തേയ്ക്കു മാറ്റിയെന്ന് നീലേഷ് ദേശായി പറഞ്ഞു. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേയ്ക്കു മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി.

ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 നാണു വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് സെപ്റ്റംബർ 2നു റോവറും 4ന് ലാൻഡറും സ്ലീപിങ് മോഡിലേക്കു മാറിയത്. അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റിയിരുന്നു. സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെൽഷ്യസെന്ന കൊടുംതണുപ്പിൽ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം ലഭിക്കുമ്പോൾ 22ന് ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആർഒ.