രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യു ഡി എഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യു ഡി എഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ.

രാവിലെ ആറുമുതല്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കും.

അഴിമതി രാഷ്ട്രീയ വിഷയമാക്കി നടത്തുന്ന സമരത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി മുന്‍നിര നേതാക്കളെല്ലാം പങ്കെടുക്കും. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും.

സമരത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിന്‍ ഗേറ്റില്‍ ആദ്യമെത്തുക.

ആറരയോടെ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈ എം സി എ ഗേറ്റും വളയും.

ഉപരോധ സമരത്തോടനുബന്ധിച്ച്‌ കടുത്ത ജാഗ്രതയിലാണ് പൊലീസ്.

ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്.

പതിനാല് ഡി വൈ എസ് പിമാര്‍ക്കാണ് ചുമതല. ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്.