ഇന്ന് ചിങ്ങം ഒന്ന് ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്ച അത്തം
കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച് പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ് ചിങ്ങം ഒന്ന്. വറുതിയുടെ കർക്കടകം പിന്നിട്ട് വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും. ഇക്കുറി മഴ കുറഞ്ഞതിന്റെ ആശങ്ക കാർഷികമേഖലയിൽ ഉൾപ്പെടെയുണ്ടെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളി ആഘോഷങ്ങളുടെ പൊലിമ കുറയാതെ കാക്കും.
ഓണാഘോഷത്തിന്റെ പൂവിളിയുമായി ചിങ്ങം നാല് (ആഗസ്ത് 20) ഞായറാഴ്ച അത്തമെത്തും. തുടർന്നുള്ള പത്തുദിവസം മലയാളിക്ക് ഒത്തുചേരലിന്റെ ഓണക്കാലം. ചിങ്ങം പതിമൂന്നിനാ (ആഗസ്ത് 29)ണ് ഇത്തവണ തിരുവോണം.