റെയിൽവേയിൽ ടിക്കറ്റ് പരിശോധനാ യജ്ഞം
തിരുവനന്തപുരം ഡിവിഷൻ റെയിൽവെയിൽ നവംബർ അവസാനം വരെ ടിക്കറ്റ് പരിശോധനാ യജ്ഞം. ടിക്കറ്റില്ലാത്ത യാത്രക്കാരെ പിടികൂടുന്നതിനൊപ്പം ടിക്കറ്റ് റിസർവേഷൻ സമയത്തെ വിവരങ്ങൾ അതേപടി രേഖപ്പെടുത്തിയിട്ടുള്ള ഐഡി കാർഡ് ഇല്ലാത്തവരെയും പിടികൂടി കനത്ത പിഴ ഈടാക്കാനാണ് നിർദ്ദേശം.
എമർജൻസി ക്വോട്ട, സീനിയർ സിറ്റിസൺ, കാൻസർ രോഗികൾ എന്നിവർക്കുള്ള ടിക്കറ്റിൽ സഞ്ചരിക്കുന്നവരെ കൃത്യമായി പരിശോധിക്കാനും അവരുടെ രേഖകൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ വലിയ പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവിഷണൽ റെയിൽവെ ഉന്നതോദ്യോഗസ്ഥർ പരിശോധനാ യജ്ഞത്തിന് നേരിട്ട് മേൽനോട്ടം വഹിക്കണമെന്നും ദക്ഷിണ റെയിൽവെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.