പ്രധാനമന്ത്രിക്കും ബി ജെ പിക്കും സുരേഷ് ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത മുഖപത്രം;
തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് ഒര്‍മ്മിപ്പിച്ച് അതിരൂപതാ മുഖപത്രം – ‘കത്തോലിക്കാസഭ’.
നവംബര്‍ മാസത്തെ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂര്‍’ എന്ന എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത രംഗത്തെത്തിയിട്ടുള്ളത്
മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നാണ് പ്രധാന വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു.
തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ്ഗോപിക്ക് നേരെയുള്ള പരിഹാസം. ”മണിപ്പൂരിലും യു പിയിലും നോക്കിയിരിക്കേണ്ട, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട് ” എന്ന സുരേഷ്ഗോപിയുടെ പ്രസ്താവനയേയും ഓര്‍ത്തെടുത്ത് ലേഖനത്തിലൂടെ വിമർശിക്കുന്നുണ്ട്.
മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്ന ചോദ്യവും സുരേഷ് ഗോപിയോട് ലേഖനത്തിലൂടെ ചോദിക്കുന്നു.
മണിപ്പൂരിലെ വംശഹത്യ നിയന്ത്രിക്കാൻ ബി ജെ പി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. മണിപ്പൂരിനെ ജനാധിപത്യ ബോധമുള്ളവർക്ക് അത്രവേഗം മറക്കാൻ പറ്റില്ല. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്.
ഇലക്ഷന് മുമ്പ് മത തീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനം മുന്നറിയിപ്പ് നല്കുന്നു.