അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠന റിപ്പോർട്ട്

അമ്പതുവയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠന റിപ്പോർട്ട്

ആഗോളതലത്തിൽ അമ്പതുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ കാൻസർ നിരക്ക് 80% വർദ്ധിച്ചെന്ന് പഠനറിപ്പോർട്ട്. കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലാണ് ഈ വൻകുതിപ്പുണ്ടായതെന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

29 ഓളം വിവിധ കാൻസറുകളെ ആധാരമാക്കി 204 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം സംഘടിപ്പിച്ചത്. സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. മരണനിരക്കും ഈ വിഭാഗം കാൻസറിൽ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ കൂടുന്നതായും പഠനത്തിൽ പറയുന്നു.

1990-നും 2019നും ഇടയിൽ ഈ അർബുദനിരക്കുകളിൽ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക ഘടകങ്ങൾ പ്രധാന കാരണമാണെങ്കിലും റെഡ്മീറ്റ്, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ അമിതോപയോഗവും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗക്കുറവുമൊക്കെ കാരണങ്ങളാണെന്ന് ഗവേഷകർ പറയുന്നു.

ജീവിതശൈലിയും ഇതിന് ഭാഗമാകാറുണ്ട്. വ്യായാമക്കുറവും അമിതവണ്ണവും പ്രമേഹവുമെല്ലാം ഇവയുടെ ആക്കം കൂട്ടുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. അമ്പതു വയസ്സിനു താഴെ കാൻസർ ബാധിക്കുന്നവരിൽ ആരോഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്നും പഠനത്തിൽ പറയുന്നു.