ഇടവപ്പാതി പിൻവാങ്ങി ; തുലാവർഷം വരുന്നു , കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മഴ
തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്ന് വ്യാഴാഴ്ചയോടെ പൂർണമായും പിന്മാറി. വടക്കുകിഴക്കൻ കാലവർഷക്കാറ്റ് (തുലാവർഷം) ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് തുടക്കമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും തീവ്രന്യൂനമർദ സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ അറബിക്കടലിലുള്ള ന്യൂനമർദം ശനിയാഴ്‌ചയോടെ തീവ്രന്യൂനമർദമായി മാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങും. തുടർന്ന് അത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും തീവ്രന്യൂനമർദമായേക്കും.
ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലവർഷക്കാലത്ത് രാജ്യത്ത് ശരാശരിക്ക് താഴെയാണ് മഴ ലഭിച്ചത്. 868.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 820 മില്ലി മീറ്റർ. കേരളത്തിൽ ഇക്കാലയളവിൽ 34 ശതമാനം മഴ കുറഞ്ഞു. എന്നാൽ, ഒക്ടോബർ ഒന്നുമുതലുള്ള 19 ദിവസം സംസ്ഥാനത്ത് 13 ശതമാനം അധികമഴ ലഭിച്ചു, 219.6 മില്ലി മീറ്റർ.