ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തു.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നു.

ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്.

സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമസെക്രട്ടറിയുമാണ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

നിയമസഭ പാസ്സാക്കിയ എട്ടുബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എയും കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

റിട്ട് ഹര്‍ജി വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്

റിട്ട് ഹര്‍ജിയില്‍ ഉള്ളതിനേക്കാളും കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതിരെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പ്രത്യേക അനുമതി ഹര്‍ജിയില്‍ ഉള്ളത്.

പൊതുആരോഗ്യ ബില്ല് അടക്കം കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിടുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന നടപടി ജനങ്ങളോടും, നിയമസഭാംഗങ്ങളോടുമുള്ള നീതികേടാണ്.

ഗവര്‍ണറുടെ നടപടി ഭരണഘടനയിലെ വ്യവസ്ഥകളുടെ ലംഘനമാണ്.

തനിക്ക് തോന്നുമ്പോള്‍ മാത്രം ബില്ലുകളില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് ഗവര്‍ണറുടെ നിലപാട്.

ഇത് തികച്ചും ഭരണഘടന വിരുദ്ധമാണെന്നും ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.