സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലേക്കും കുർബാന ഏകീകരണം ഉടൻ നടപ്പാക്കണം – മാർത്തോമാ നസ്രാണി സംഘം (എം ടി എൻ എസ് )
പേപ്പൽ ഡെലിഗേറ്റായി കഴിയുന്നതും യൂറോപ്യൻ സ്വദേശിയെ തന്നെ നിയമിക്കണമെന്നും എം ടി എൻ എസ് ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തദ്ദേശീയരായ മെത്രാന്മാരിൽ നിന്ന് മെട്രോപൊളീറ്റൻ വികാരിയെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർമാരെയും മാറി മാറി നിയമിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിദേശ പ്രതിനിധിയെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും എം ടി എൻ എസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റെജി ഇളമത,എം ടി എൻ എസ് എറണാകുളം അങ്കമാലി അതിരൂപതാ കമ്മിറ്റി പ്രസിഡന്റ് ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി സേവ്യർ മാടവന എന്നിവർ ആവശ്യപ്പെട്ടു.
ഉടൻ നടക്കുന്ന പരിശുദ്ധ സൂനഹദോസിന്റെ സമ്മേളനത്തിനിടയിൽ മേലധ്യക്ഷന്മാർ ഒത്തുചേർന്ന് അർപ്പിക്കുന്ന വിശുദ്ധ കുർബാന തത്സമയം സംപ്രേഷണം ചെയ്തു സഭാപിതാക്കന്മാർ ഏകമനസുള്ളവരാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തണം. സൂനഹദോസിന്റെ സമാപനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്‌ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ സിനഡ് പിതാക്കന്മാർ ഒരുമിച്ച് ഏകീകൃത കുർബാന അർപ്പിച്ചാൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷം ഒഴിവാക്കാൻ സാധിക്കും.
ബസിലിക്ക വിവാദവുമായി ബന്ധപ്പെട്ട കമ്മീഷനുകളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്നും എം ടി എൻ എസ് ആവശ്യപ്പെട്ടു.
സ്‌ഥാനമാനങ്ങളോടും അധികാരങ്ങളോടുമുള്ള ആസക്തി മൂടിവെയ്ക്കുന്നതിനുള്ള തന്ത്രമാണ് ആരാധനാക്രമത്തെ കുറിച്ചുള്ള തർക്കമെന്ന് എം ടി എൻ എസ് എറണാകുളം അങ്കമാലി അതിരൂപത കമ്മിറ്റി പ്രസിഡന്റ് ജോർജ് ജോസഫ് കുറ്റപ്പെടുത്തി.
സഭാ സ്‌ഥാപനങ്ങൾ ധനസമ്പാദനം ലക്‌ഷ്യം വെയ്ക്കുന്ന കച്ചവട കേന്ദ്രങ്ങളായി തരം താണുവെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രതിസന്ധി ഗൂഢമായ ആലോചനയുടെ സൃഷ്‌ടിയാണെന്നും , സഭ പ്രശ്‍നം അവസാനിപ്പിക്കാത്തതിന്റെ പിന്നിൽ വ്യക്തമായ അജണ്ട ഉണ്ടെന്നും അവർ പറഞ്ഞു.
അനിവാര്യമായ അവസരങ്ങളിൽ മാത്രമേ വൈദികരെ ഭൗതിക കാര്യങ്ങൾക്ക് വേണ്ടി ചുമതലപെടുത്താവൂ എന്നും എം ടി എൻ എസ് ആവശ്യപ്പെട്ടു. വൈദികർക്ക് മേൽ മതിയായ നിയന്ത്രണം ഏർപ്പെടുത്തണം. രൂപതകൾ രൂപീകരിക്കുമ്പോൾ മേൽപ്പട്ടക്കാർക്ക് സുഗമമായി ചുമതലകൾ നിർവഹിക്കുന്ന കഴിയുന്ന തരത്തിൽ വലിപ്പവും അതിർത്തിയും നിർണയിക്കണം. അമിതഭാരം കൊണ്ട് വലയുന്ന രൂപതകൾ വിഭജിക്കണം.
തോമാശ്ലീഹാ സ്‌ഥാപിച്ച മാർത്തോമാ നസ്രാണി സഭയുടെ പിന്തുടർച്ചാവകാശിയാണ് സീറോ മലബാർ സഭ എന്നതിനാൽ ആദിമകാലം മുതൽ നിലനിന്നിരുന്ന പൈതൃകതയിൽ മാർത്തോമാ നസ്രാണി സഭ എന്ന് പുനർനാമകരണം ചെയ്യണം. കൊടുങ്ങല്ലൂർ കേന്ദ്രമായി മാർത്തോമാ നസ്രാണി സഭയുടെ ആസ്‌ഥാനം സ്‌ഥാപിക്കണമെന്നും സഭ പിതാവായ മാർ തോമാശ്ലീഹായുടെ പൂജ്യാവശിഷ്ഠം ഇവിടേക്ക് മാറ്റി പ്രതിഷ്ഠിക്കണമെന്നും എം ടി എൻ എസ് ആവശ്യപ്പെട്ടു.
പാരിഷ് കൗൺസിൽ പ്രതിനിധികളെ വൈദികർ നാമനിർദേശം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും സംഘം ഭാരവാഹികൾ പറഞ്ഞു. സഭയുടെ എല്ലാ സ്‌ഥാപനങ്ങളിലേക്കും ഉദ്യോഗസ്‌ഥ നിയമനം നടത്തുന്നതിനും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥി പ്രവേശനത്തിനും സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നും മാർത്തോമാ നസ്രാണി സംഘം ആവശ്യപ്പെട്ടു.