സപ്ലൈകോ ഓണം ഫെയർ നാളെ മുതൽ

സപ്ലൈകോ ഓണം ഫെയർ നാളെ മുതൽ

 

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം. പകൽ 3.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും.

എല്ലാ ജില്ലകളിലും സപ്ലൈകോ ജില്ലാതല ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. ഓണം ഫെയറിലും സപ്ലൈകോയുടെ വില്പന ശാലകളിലും സബ്സിഡി സാധനങ്ങൾ നൽകുന്നതിന് പുറമെ, ഓഗസ്റ്റ് 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും ഉണ്ടായിരിക്കും. നിലവിൽ നൽകുന്ന വിലക്കുറവിനെക്കാൾ അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ എഫ്എംസിജി (Fast Moving Consumer Goods) ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങൾക്ക് 25 ശതമാനം വിലക്കുറവുണ്ട്.

മറ്റു ജില്ലകളിൽ 19ന് ഫെയറുകൾ ആരംഭിക്കും. എയർകണ്ടീഷൻ സൗകര്യത്തോടെ ജർമ്മൻ ഹാങ്ങർ ഉപയോഗിച്ചുള്ള സ്റ്റാളുകളാണ് ഓണം ഫെയറിനായി സപ്ലൈകോ ഓരോ ജില്ലയിലും ഒരുക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ജില്ലാ ഫെയറുകളിൽ സ്റ്റാൾ ഇടാനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്ത് 23 മുതൽ 28 വരെ താലൂക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.  വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് ഗിഫ്റ്റ് വൗച്ചർ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

500, 1000 രൂപയുടെ വൗച്ചറുകൾ ആണ് നൽകുക. ഇരുപതോ അതിലധികമോ വൗച്ചറുകൾ ഒരുമിച്ച് എടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ഓരോ 20 വൗച്ചറിനും ഒരു വൗച്ചർ സൗജന്യമായി നൽകും. ഈ വൗച്ചറുകൾ ഉപയോഗിച്ച് ജീവനക്കാർക്ക് സപ്ലൈകോ വില്പനശാലകളിൽ നിന്നോ ഓണം ഫെയറുകളിൽ നിന്നോ ഇഷ്ടാനുസരണമുള്ള സബ്സിഡി ഇതര സാധനങ്ങൾ വാങ്ങാവുന്നതാണ്.