സ്വവര്‍ഗ വിവാഹം: 4 പ്രത്യേക വിധികൾ; യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ്
രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിൻമേൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്. വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നഗരങ്ങളിലെ വരേണ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്ന് സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കൊണ്ട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാൽ നഗരങ്ങളില്‍ താമസിക്കുന്നവരെല്ലാം വരേണ്യവര്‍ഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് ചിത്രീകരിക്കുന്നത് അവരെ മായ്ച്ചുകളയലാണെന്നും വിധി പ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജാതിയോ വര്‍ഗ്ഗമോ സാമൂഹിക-സാമ്പത്തിക നിലയോ പരിഗണിക്കാതെതന്നെ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ ഉണ്ടാകാം. വിവാഹം സ്ഥിരവും മാറ്റവുമില്ലാത്തതുമായ ഒരു സ്ഥാപനമാണെന്ന് പ്രസ്താവിക്കുന്നത് തെറ്റാണ്. നിയമനിര്‍മാണങ്ങളിലൂടെ വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
നിയമനിര്‍മാണത്തിലേക്ക് കോടതി കടന്നുകയറേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. കോടതികള്‍ക്ക് നിയമം നിര്‍മിക്കാന്‍ കഴിയില്ലെങ്കിലും നിയമം നടപ്പിലാക്കാന്‍ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ലൈംഗികതയുടെ അടിസ്ഥാനത്തില്‍ സ്വവര്‍ഗപ്രേമികളോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിച്ചു.