അരിവാൾ രോഗ നിർമാർജന ദൗത്യത്തിനു പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും; കേരളത്തിൽ നടപ്പാക്കുക വയനാട് ജില്ലയിൽ
അരിവാൾ രോഗ നിർമാർജന ദൗത്യത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2023 ജൂലൈ ഒന്നിന്) മധ്യപ്രദേശിൽ തുടക്കം കുറിക്കും. പൊതു പരിപാടിയിൽ ഗുണഭോക്താക്കൾക്കുള്ള അരിവാൾ കോശ ജനിതക വിവര കാർഡുകളും അദ്ദേഹം വിതരണം ചെയ്യും. അരിവാൾ രോഗം ഉയർത്തുന്ന ആരോഗ്യപരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക (വിശേഷിച്ചും ഗോത്ര വർഗക്കാർക്കിടയിൽ) എന്നതാണു ദൗത്യം ലക്ഷ്യമിടുന്നത്. ബോധവൽക്കരണം, രോഗബാധിത ഗിരിവർഗ മേഖലകളിലെ 40 വയസ്സു വരെയുള്ള ഏഴു കോടി പേരുടെ സാർവത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന ഗവണ്മെന്റുകളുടെയും സഹകരണത്തോടെയുള്ള കൗൺസിലിങ് എന്നിവയിൽ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.
കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാൾ, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടകം, അസം, ഉത്തർപ്രദേശ്, , ബിഹാർ, ഉത്തരാഖണ്ഡ് എന്നിങ്ങനെ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ഇരുനൂറിലധികം ജില്ലകളിൽ പദ്ധതി നടപ്പാക്കും. കേരളത്തിൽ വയനാട് ജില്ലയിലാകും പദ്ധതി നടപ്പാക്കുക .
ഒരു വ്യക്തിയുടെ ചുവന്ന രക്താണുക്കൾ വികലമാവുകയും അരിവാൾ പോലുള്ള ആകൃതി കൈക്കൊള്ളുകയും ചെയ്യുന്ന ജനിതക വൈകല്യമാണ് അരിവാൾ രോഗം. തദ്ദേശീയ ജനതയുടെ ഭാവിക്കും നിലനിൽപ്പിനും വലിയ ഭീഷണി ഉയർത്തുന്ന ഒന്നാണിത്. ഈ രോഗം പടരുന്നതു സമയബന്ധിതമായി തടയേണ്ടത് അനിവാര്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ബജറ്റിൽ അരിവാൾ രോഗ നിർമാർജന ദൗത്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ നിരീക്ഷണത്തിനും സമയബന്ധിത നിർവഹണത്തിനുമായി കേന്ദ്ര ഗവണ്മെന്റ് സിക്കിൾ സെൽ ദേശീയ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ, പൗരന്മാർക്ക് രോഗവുമായി ബന്ധപ്പെട്ട ആരോഗ്യ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും വിവരങ്ങൾ നേടാനും, അരിവാൾ രോഗബാധിതരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും.
ആയുഷ്മാൻ ഭാരത് – ആരോഗ്യ – സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ (എബി-എച്ച്ഡബ്ല്യുസി) പ്രാഥമികാരോഗ്യ പ്രവർത്തകരുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലന മൊഡ്യൂളുകളും ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അരിവാൾ രോഗം തടയുന്നതിനായി പ്രാഥമിക രോഗ നിർണയം മുതൽ മൊത്തത്തിലുള്ള നിർവഹണം വരെയുള്ള എല്ലാ അനുബന്ധ വശങ്ങളും ഇതിൽ ഉൾപ്പെടുന്നു.