ഷാരോൺ വധക്കേസ്‌ പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ ; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

ഷാരോൺ വധക്കേസ്‌ പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ ; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി.

കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരാണ് ഹർജി നൽകിയത്. കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്.

അതിനാൽ നഗർകോവിലെ ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്നാണ് പ്രതികളുടെ വാദം.ഷാരോൺ വധക്കേസ് അന്വേഷിച്ചത് കേരള പോലീസ് ആയിരുന്നു.

അന്വേഷണത്തിന് ശേഷം നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഫയൽ ചെയ്തത്.

എന്നാൽ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് ഈ കേസ് കേൾക്കാൻ അധികാരമില്ലെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹർജിയിൽ ഗ്രീഷ്മയും കേസിലെ മറ്റ് രണ്ട് പ്രതികളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഷാരോൺ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലായതുകൊണ്ട്‌ മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഭിഭാഷകൻ ശ്രീറാം പറകാട് ആണ് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്.