തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
മണ്ഡലപൂജയ്ക്കായി ശബരിമലക്ഷേത്രനട വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി അവിടുത്തെ നടയും തുറക്കും. പിന്നീട്, ശബരിമല മേൽശാന്തി, ശ്രീകോവിലിൽനിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും.
നിയുക്ത ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി,നിയുക്ത മാളികപ്പുറം മേൽശാന്തി പി.ജി. മുരളി നമ്പൂതിരി എന്നിവരെ സന്നിധാനത്തേക്ക് ആനയിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. ദീപാരാധനയ്ക്കുശേഷം പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.
വൃശ്ചികം ഒന്നായ 17-ന് പുലർച്ചെ നാലിന് പുതിയ മേൽശാന്തിമാർ നട തുറക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. നാലിന് വീണ്ടും തുറന്നശേഷം രാത്രി 11-ന് അടയ്ക്കും.