വാഹനങ്ങളുടെ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തുന്നു
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ച് ഗതാഗതവകുപ്പിന്റെ കരട് വിജ്ഞാപനം. കാറുകളുടെ പെർമിറ്റ് ഫീസ് 760 രൂപയിൽ നിന്ന് 1000 ആയാണ് വർദ്ധിക്കുക. 14 മുതൽ 21 സീറ്റുകൾ വരെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് 2800 രൂപയായിരുന്നത് 4500 രൂപയായി ഉയരും. 21 സീറ്റിന് മുകളിലുള്ളവയുടേത് 5250 രൂപയായാണ് വർദ്ധിപ്പിച്ചത്. 3960 രൂപയാണ് നിലവിൽ. ഇടത്തരം ഗുഡ്സ് വാഹനങ്ങളുടേത് (എൽജി.വി) 1170 രൂപയിൽ നിന്ന് 1500 ആയി വർദ്ധിക്കും. എൽജിവിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 2250 രൂപയായും. നിലവിൽ ഇത്തരം വാഹനങ്ങൾക്ക് 1870 രൂപയാണ് പെർമിറ്റിനായി നൽകേണ്ടത്.
സ്വകാര്യ ബസുകളുടെ നിലവിലെ പെർമിറ്റ് ഫീസ് 5900 രൂപയാണ്. ഇത് 8250 ആയാണ് വർദ്ധിക്കുക. സ്വകാര്യബസുകളുടെ താൽക്കാലിക പെർമിറ്റ് നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. പെർമിറ്റ് ഫീസിന് പുറമേ സർവിസ് ചാർജ് എന്ന പേരിൽ 170 രൂപകൂടി എല്ലാ വിഭാഗം വാഹനങ്ങളും അധികമായി അടയ്ക്കണം. അഞ്ച് വർഷം കൂടുമ്പോഴാണ് വാഹനങ്ങൾ പെർമിറ്റ് പുതുക്കേണ്ടത്.