ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ
ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140) ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്.
കഴിഞ്ഞ ദിവസം 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ബാച്ച് ഇസ്രായേലിൽ നിന്ന് എത്തിയിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് ടെൽ അവീവിലുള്ള ഇന്ത്യൻ എംബസിയാണ് ഇസ്രായേലിലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം സർവീസ് ഒരുക്കിയത്.
തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.