ഗതാഗത സൗകര്യം ഒരുകുടക്കീഴിലാക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്
വിവിധ ഗതാഗതസൗകര്യങ്ങൾ ഒരുകുടക്കീഴിൽ അണിനിരത്തുന്ന കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് സ്ഥാപിക്കും. ഇതിനായി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സംസ്ഥാന ഗതാഗത വകുപ്പുമായി ധാരണപത്രം ഒപ്പുവച്ചു. പരിധികളില്ലാത്ത സഞ്ചാരസേവനങ്ങൾക്കായി എല്ലാ ഗതാഗതസംവിധാനങ്ങളും ഓപ്പൺ നെറ്റ്‌വർക്കിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിനുകീഴിലെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) സംരംഭമാണ് ഒഎൻഡിസി.
കരാർപ്രകാരം, കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് എന്നപേരിൽ ആരംഭിച്ച പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കി കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് എന്ന് പുനർനാമകരണം ചെയ്യും. പദ്ധതി കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ഗതാഗത മാർഗങ്ങളെയും ഒഎൻഡിസി നെറ്റ്‌വർക്കുമായി സംയോജിപ്പിക്കും. ഉപയോക്തൃ-സൗഹൃദ ബയർ, സെല്ലർ ആപ്പുകൾവഴി എല്ലാ ഗതാഗത മാർഗങ്ങളിലേക്കും താങ്ങാനാവുന്നതും സൗകര്യപ്രദവുമായ സേവനം ഉറപ്പാക്കും.
ജനങ്ങളിലേക്ക് ഗതാഗതസേവനങ്ങളും ആനുകൂല്യങ്ങളും എളുപ്പത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗതമന്ത്രി ആന്റണി രാജു, വ്യവസായമന്ത്രി പി രാജീവ്, കെ ബാബു എംഎൽഎ, കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, എഫ്ഐഡിഇ സിഇഒ സുജിത് നായർ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് കമീഷണർ എസ് ശ്രീജിത് ഒഎൻഡിസി സിഇഒ ഷിറീഷ് ജോഷിയുമായി ധാരണപത്രത്തിൽ ഒപ്പുവച്ചു. സർക്കാർ ഏജൻസികൾമുതൽ സ്വകാര്യദാതാക്കൾവരെ വിവിധ പങ്കാളികളെ ഒന്നിച്ചുകൊണ്ടുവരികയാണ് പദ്ധതിയിൽ. സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതസംവിധാനങ്ങൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി കേരളത്തിലെ ഗതാഗതസൗകര്യങ്ങളെ ഒന്നിച്ചുകോർത്തിണക്കുന്നതാണ് പദ്ധതി.