എം സി റോഡിനു സമാന്തരമായി പുതിയ പാത; മേൽനോട്ടം ഇനി കോട്ടയത്ത് നിന്ന്

എം സി റോഡിനു സമാന്തരമായി പുതിയ പാത; മേൽനോട്ടം ഇനി കോട്ടയത്ത് നിന്ന്

എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർമിക്കുന്ന പുതിയ പാതയുടെ മേൽനോട്ടം ഇനി കോട്ടയത്തു നിന്ന്. പാതയ്ക്കായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫീസ് കോട്ടയം തിരുവാതുക്കലിൽ ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നാണ് ഇതുവരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

റോഡിന്റെ പ്രാഥമിക അലൈൻമെന്റ് അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി അടക്കമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇതിനൊക്കെ ഇനി കോട്ടയത്തെ പ്രോജക്ട് ഓഫീസാകും മേൽനോട്ടം വഹിക്കുക. ഭോപാൽ ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ സർവേ നടത്തുന്നത്.

തിരുവനന്തപുരം പുളിമാത്തിൽ നിർദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിൽ നിന്ന് അങ്കമാലി വരെ 45 മീറ്റർ വീതിയിലാണു റോഡ് വരുന്നത്. ആറു ജില്ലകളിലൂടെ 257 കിലോമീറ്റർ നീളം. എംസി റോഡിലെ തിരക്കു കുറയ്ക്കാമെന്നതാണ് ഗുണം. അടുത്ത മാർച്ചിന് മുൻപു ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ച് പദ്ധതിക്കുള്ള കല്ലിടൽ ആരംഭിക്കാനാണ് ശ്രമം. അന്തിമ അലൈൻമെന്റ് അംഗീകരിച്ചിട്ടില്ലാത്തതിനാൽ നിലവിലുള്ള രൂപരേഖയിൽ മാറ്റം വരാനും സാധ്യതയുണ്ട്