ലഹരിയിൽ കിറുങ്ങി കേരളം
ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളും സംഭവങ്ങളും സംസ്‌ഥാനത്ത് ദിനംപ്രതി കൂടുകയാണ്. കേരള പോലീസ് 21 വയസിൽ താഴെയുള്ള കുട്ടികൾക്കിടയിൽ പഠനം നടത്തിയപ്പോൾ 40 ശതമാനവും പെൺകുട്ടികളാണ് ലഹരി വലയിൽ ഉൾപ്പെട്ടിട്ടുള്ളത് എന്നാണ് കണ്ടെത്തൽ. 18301 ഇടങ്ങളിലാണ് ലഹരിയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് കേരള പോലീസ് റെയ്‌ഡ് നടത്തിയത്.
കോഴിക്കോട് ഒൻപതാം ക്‌ളാസ്‌കാരി ലഹരിക്കെണിയിൽ കുടുങ്ങിയത് പുറത്ത് വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി ലഹരിയുടെ കാരിയറായത്. ഇവളുടെ നാല് കൂട്ടുകാരികൾ കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
നേരത്തെ കോളേജുകളിലാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ലഹരി കച്ചവടം ഏറെയെയും.പോലീസ് ഉദ്യോഗസ്‌ഥരുടെ മക്കൾ പോലും ലഹരി ഉപയോഗിക്കുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥൻ തന്നെ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ലഹരിപ്പാർട്ടി കഴിഞ്ഞു മടങ്ങിയ രണ്ടു യുവ മോഡലുകൾ കൊച്ചിയിൽ കാറപകടത്തിൽ കൊല്ലപ്പെട്ടതും നമ്മൾ മറന്നിരിക്കില്ല.