മാലിന്യമുക്ത നവകേരളം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൂണ്‍ അഞ്ചിന് വിപുലമായ ഹരിതസഭകള്‍ ചേരും

മാലിന്യമുക്ത നവകേരളം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൂണ്‍ അഞ്ചിന് വിപുലമായ ഹരിതസഭകള്‍ ചേരും

മാലിന്യമുക്ത നവകേരളം ക്യാംപയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജൂണ്‍ അഞ്ചിന് ഹരിതസഭകള്‍ ചേരും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മാലിന്യമുക്ത നവകേരളം ക്യാംപയിന്‍ ജില്ലാ തല ക്യാംപയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു. നവകേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എസ്. രഞ്ജിനിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്

ഓരോ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത സഭകളിലും അതാതു പ്രദേശത്തുള്ള ജനപ്രതിനിധികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ അണിനിരക്കും. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളും സഹിതം വിപുലമായ റിപ്പോര്‍ട്ട് ഹരിത സഭകളില്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകളില്‍ ജനകീയ ഓഡിറ്റിങ്ങും സംഘടിപ്പിക്കും.

ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ പിന്നോട്ട് പോകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ 30 ലധികം തദ്ദേശ സ്ഥാപനങ്ങള്‍ ജൂണ്‍ അഞ്ചിന് വലിച്ചെറിയല്‍ മുക്തമായതായി പ്രഖ്യാപിക്കും. ഏതാനും പഞ്ചായത്തുകള്‍ നേരത്തെ തന്നെ വലിച്ചെറിയല്‍ മുക്തമായതായി പ്രഖ്യാപിച്ചിട്ടുണ്ട്.

യോഗത്തില്‍ ശുചിത്വ മിഷന്‍, കില, കുടുംബശ്രീ, നവകേരള മിഷന്‍ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.