ലോകായുക്ത വിധി അത്ഭുതപ്പെടുത്തുന്നു: ബെന്നി ബഹനാൻ എം.പി

ലോകായുക്ത വിധി അത്ഭുതപ്പെടുത്തുന്നു: ബെന്നി ബഹനാൻ എം.പി

ദുരിതാശ്വാസ നിധി വിതരണം ചെയ്തതിൽ അഴിമതിയില്ലെന്ന ലോകായുക്ത വിധി അത്ഭുതപ്പെടുത്തുന്നതാണെന്ന് ബെന്നി ബഹനാൻ എം.പി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏതെല്ലാം തരത്തിൽ വിനിയോഗിക്കണം എന്നതിന് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്.

ചട്ടങ്ങളെല്ലാം ലംഘിച്ചാണ് ദുരിതാശ്വാസ നിധി വിതരണം ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ ഏതൊരു വ്യക്തിക്കും മനസിലാകും. എന്നിട്ടും ലോകായുക്തക്ക് മാത്രം ഇത് മനസിലായില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി ലോകായുക്തയിലെ ഒരംഗം പരാമർശിച്ചത് അഴിമതി നടന്നു എന്ന് തെളിയിക്കുന്നതാണ്.

ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും വരുതിയിലാക്കുക എന്നതാണ് മോദിയും പിണറായിയും ചെയ്യുന്നത്. രണ്ടും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്. ലോകായുക്തയുടെ പല്ലും നഖവും പിഴുത് നിരായുധീകരിക്കാൻ സർക്കാർ നേരത്തെ ശ്രമിച്ചതാണ്.

ഗവർണർ ഒപ്പിടാത്തത് കൊണ്ട് മാത്രം അത് നടക്കാതെ പോയതാണ്. എങ്കിലും സർക്കാരിൻ്റെ ഉദ്ദേശ്യമെന്തെന്ന് ലോകായുക്ത മനസിലാക്കിയത് കൊണ്ടാണ് ഇത്തരമൊരു വിധി വന്നതെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു.