കോട്ടയത്ത്‌ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ

കോട്ടയത്ത്‌ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ

വ്യാഴാഴ്ച ഉച്ചമുതൽ കിഴക്കൻ മലയോര മേഖലകളിൽ കനത്ത മഴയെത്തുടർന്ന്‌ കോട്ടയം ജില്ലയിൽ മൂന്നിടത്ത്‌ ഉരുൾപൊട്ടി. തലനാട് പഞ്ചായത്തിലെ വെള്ളാനി, ആനിപ്ലാവ്‌ തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ എന്നിവിടങ്ങളിലാണ് വൈകിട്ടോടെ ഉരുൾപൊട്ടിയത്‌. ആളപായമില്ല. വ്യാപക കൃഷിനാശമുണ്ടായി.

തീക്കോയി പഞ്ചായത്തിലെ വെള്ളികുളം, തലനാട്‌ പഞ്ചായത്തിലെ അട്ടിക്കളം എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു. നദീതീരങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ തീരവാസികളെ ഒഴിപ്പിച്ചു തുടങ്ങി. മണ്ണിടിച്ചിലുള്ള ഭാഗങ്ങളിൽ നിന്ന്‌ ആളുകളെ മാറ്റി.

ഈരാറ്റുപേട്ട– വാഗമൺ റോഡിൽ തീക്കോയിക്കും വാഗമണ്ണിനും ഇടയിലുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് തടസ്സം നീക്കാൻ ശ്രമം തുടങ്ങി. ശക്തി കുറഞ്ഞെങ്കിലും പ്രദേശത്ത് മഴ തുടരുകയാണ്.