കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ

കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം; ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാർ

സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന്, യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി.

19 കമ്മിറ്റികൾ രൂപീകരിച്ച് നടത്തിയ നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം യോഗത്തിൽ നടത്തി. ഐസിഎംആർ വിമാന മാർഗം ആന്റിബോഡി എത്തിച്ചിട്ടുണ്ട്. നിപ്പ ബാധിതരെന്ന് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

ഇതുവരെ പരിശോധനയ്ക്ക് അയച്ച 18 സാംപിളുകളിൽ 3 എണ്ണം പൊസിറ്റീവ് ആയി. നിലവിൽ 789 പേർ സമ്പർക്ക പട്ടികയിലുണ്ട്.ഇതിൽ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. 157 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 13 പേർ മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില അതേപടി തുടരുകയാണ്.