കാര്‍ഗില്‍ വിജയ് ദിവസ്; രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ രാജ്യം
കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ ഓര്‍മ്മകളില്‍ രാജ്യം. കാര്‍ഗില്‍ മലനിരകളില്‍ പാകിസ്താനുമേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുന്നു.
ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്. തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍ കാര്‍ഗില്‍ ലേ ഹൈവേ ഉള്‍പ്പെടെ നിര്‍ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.
16,000 മുതല്‍ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താന്‍ ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താന്‍ തോറ്റ് പിന്‍മാറുകയായിരുന്നു.
കാര്‍ഗില്‍ മഞ്ഞുമലയുടെ മുകളില്‍ ഭാരതത്തിന്റെ ത്രിവര്‍ണ്ണ കൊടി പാറി. 1999 മെയ് 8ന് ആരംഭിച്ച യുദ്ധത്തില്‍ 1999 ജൂലൈ 14ന് ഇന്ത്യ പാകിസ്താന് മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായും അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.
തോറ്റ് മടങ്ങിയ പാക് സൈന്യം പക്ഷേ യുദ്ധത്തില്‍ തങ്ങളുടെ പങ്ക് നിഷേധിച്ചു. തീവ്രവാദികളില്‍ കുറ്റം ചുമത്തി കൈകഴുകാന്‍ ശ്രമിച്ചെങ്കിലും യുദ്ധത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ പാക് സൈന്യമാണെന്ന് പിന്നീട് തെളിഞ്ഞു. പോരാട്ടത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
കാര്‍ഗിലില്‍ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കാന്‍ തുടങ്ങി. എല്ലാ ജൂലൈ 26 നും ടോലോലിംഗ് താഴ്വരയിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ രാജ്യ മനസാക്ഷി ഒത്തുകൂടും. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച 527 ധീരയോദ്ധാക്കളുടെ ഓര്‍മ്മക്കായി.