കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

ഇടുക്കി ദേവികുളം കാന്തല്ലൂർ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്. ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീൻ സർക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാർദ ടൂറിസം വില്ലേജിൽ നടപ്പാക്കി.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസിൽ നിന്നും കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ് ഐഎഎസ്, സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററുമായ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ ചേർന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ 8 മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകൾക്ക് ഒടുവിലാണ് പുരസ്കാരം ലഭിച്ചത്. രാജ്യത്തെ 767 വില്ലേജുകൾ മത്സരിച്ചതിൽ നിന്നും 5 ഗ്രാമങ്ങൾക്ക് ഗോൾഡും 10 ഗ്രാമങ്ങൾക്ക് സിൽവറും 20 ഗ്രാമങ്ങൾക്ക് ബ്രോൺസും ലഭിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പെപ്പർ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. അത് വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം കാന്തല്ലൂരിനെ സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി സ്പെഷൽ ടൂറിസം ഗ്രാമസഭകൾ, ടൂറിസം റിസോർസ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കൽ, വിവിധ പരിശീലനങ്ങൾ, ചെറുകിട ഇടത്തരം സംരഭങ്ങൾ രൂപീകരണം രജിസ്ട്രേഷൻ എന്നിവ വിജയകരമായി നടപ്പാക്കി. കൃത്യമായ ആസൂത്രണത്തോടെ ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് പദ്ധതി പ്രവർത്തനം നടത്തി