നവകേരളാ സദസ്സ് വ്യാപാരികളെയും കരാറുകാരെയും പിഴിയുന്നത് അപഹാസ്യം- റോയ് അറയ്ക്കൽ

നവകേരളാ സദസ്സ് വ്യാപാരികളെയും കരാറുകാരെയും പിഴിയുന്നത് അപഹാസ്യം- റോയ് അറയ്ക്കൽ

തിരുവനന്തപുരം നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വ്യാപാരികളെയും കരാറുകാരെയും പിഴിയുന്നത് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ജനപ്രതിനിധികളും പ്രാദേശിക സിപിഎം നേതാക്കളും സമീപിക്കുമ്പോള്‍ പണം നല്‍കാന്‍ വ്യാപാരികളും കരാറുകാരും നിര്‍ബന്ധിതരാവുകയാണ്.

വ്യാപാരികളെയും കരാറുകാരെയും സംന്ധിച്ച് അവര്‍ക്ക് പല ആവശ്യങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളും ബന്ധപ്പെടേണ്ട സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ പലരും വൈമനസ്യത്തോടെയെങ്കിലും ആവശ്യപ്പെടുന്ന തുക നല്‍കേണ്ട അവസ്ഥയാണ്. പ്രാദേശിക തലത്തില്‍ വന്‍തുകയാണ് നവകേരളാ സദസ്സിന്റെ മറവില്‍ സമാഹരിക്കുന്നത്.

മഹാമാരിയും പ്രളയവും പ്രകൃതി ക്ഷോഭങ്ങളും ഫണ്ട് സമാഹരണത്തിനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നവര്‍ ജനങ്ങളുടെ ആവലാതികളും പരാതികളും കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ജനങ്ങളിലേക്ക് എന്ന പ്രചാരണത്തോടുകൂടി തുടങ്ങിയ പരിപാടിയുടെ ചെലവിനു പോലും ജനങ്ങളെ കൊള്ളയടിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടംതിരിയുകയാണ്.

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ നിവൃത്തിയില്ല. ഇതിനിടെയാണ് കോടികളൊഴുക്കി നവകേരളാ സദസ്സിന്റെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം ചുറ്റുന്നത്. ജനങ്ങളുടെ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള ഇടതു മുന്നണിയുടെ അമിതാവേശമാണ് പരിപാടിക്കു പിന്നിലെന്നു വിമര്‍ശനമുയര്‍ന്നാല്‍ കുറ്റപ്പെടുത്താനാവില്ല.

നവ കേരളാ സദസ്സിന്റെ പേരിലുള്ള പണപ്പിരിവ് ഉടന്‍ നിര്‍ത്തിവെക്കണമെന്നും റോയ് അറയ്ക്കൽ ആവശ്യപ്പെട്ടു.