കരുവന്നൂരിലെ ഇ.ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയെന്ന് എം.വി ഗോവിന്ദന്‍

കരുവന്നൂരിലെ ഇ.ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയെന്ന് എം.വി ഗോവിന്ദന്‍

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചു സി.പി. എം നേതൃത്വം. ഇ.ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയുണ്ടെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുറന്നടിച്ചു.

ഇ.ഡി ചോദ്യം ചെയ്യാന്‍ പോകാത്ത സ്ഥലമുണ്ടോയെന്നും ചോദ്യം ചെയ്യാത്ത രാഷ്ട്രീയ നേതാക്കളുണ്ടോയെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു. ഒരു വശത്ത് രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്യുമ്പോള്‍ മറുവശത്ത് കെ.സുധാകരനെയും ഇ.ഡി ചോദ്യം ചെയ്യുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കരുവന്നൂരില്‍ മാത്രമല്ല എവിടെ ബാങ്ക് തട്ടിപ്പുനടന്നാലും നടപടിവേണമെന്നാണ് പാര്‍ട്ടി നിലപാട്.

അതില്‍ വിട്ടുവീഴ്ച്ചയില്ല. ഈ കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിസഭാ പുനസംഘടനയെ കുറിച്ചു പ്രതികരിക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ല. ഈക്കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാമുന്നണിയിലെ ഏകോപനസമിതിയില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ഇരുപത്തിയഞ്ചോളം പാര്‍ട്ടികളുമായി സി.പി.എം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിയെ പുറത്താക്കുകയെന്ന ഒറ്റലക്ഷ്യമാണ് മുന്നണിക്കുളളതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.