കാഴ്‌ചപരിമിതിയുള്ളവർക്കായി സാക്ഷരതാമിഷന്റെ ചരിത്ര ചുവടുവയ്‌പ്‌

കാഴ്‌ചപരിമിതിയുള്ളവർക്കായി സാക്ഷരതാമിഷന്റെ ചരിത്ര ചുവടുവയ്‌പ്‌

സാക്ഷരതമിഷൻ കാഴ്‌ച പരിമിതിയുള്ളവരിലേക്കും. ബ്രെയിലി ലിപിയിലൂടെ അക്ഷരാഭ്യാസം നൽകുന്ന ‘ബ്രെയിലി ലിറ്ററസി’ പദ്ധതി അടുത്ത മാസം ആരംഭിക്കും. എല്ലാവിഭാഗം ആളുകളെയും സാക്ഷരരാക്കാനുള്ള മിഷന്റെ ചരിത്രപരമായ ചുവട്‌വയ്‌പ്പാണിത്‌. സാക്ഷരത കോഴ്‌സിന്റെ പുസ്‌തകം ബ്രെയിലി ലിപിയിലേക്ക്‌ മാറ്റും.

കേരള ഫെഡറേഷൻ ഓഫ്‌ ബ്ലൈൻഡിന്റെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ കാഴ്‌ച പരിമിതിയുള്ള 5000 ആളുകളെയാണ്‌ ഇതിന്റെ ഭാഗമാക്കുക. എല്ലാ ജില്ലയിലും പഠന കേന്ദ്രങ്ങളുണ്ടാകും. മൂന്നുമാസമാണ്‌ കോഴ്‌സ്‌. അടുത്തഘട്ടങ്ങളിൽ നാല്‌, ഏഴ്‌, 10 തുടങ്ങിയ തുല്യതാ ക്ലാസുകളും ‘ബ്രെയിലി ലിറ്ററസി’യിൽ ആരംഭിക്കും. പഠിതാക്കളുടെ സൗകര്യം പരിഗണിച്ച്‌ ബാച്ചുകളായാണ്‌ ക്ലാസ്‌. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കും. മുന്നോടിയായി അക്ഷരാഭ്യാസമില്ലാത്ത കാഴ്‌ച പരിമിതരെ കണ്ടെത്താനുള്ള സർവേ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്‌. ഫെഡറേഷൻ അംഗങ്ങളിൽ തെരഞ്ഞെടുത്തവർക്ക്‌ സാക്ഷരതാമിഷൻ പരിശീലനം നൽകും. ഇവരാണ്‌ ജില്ലാ കേന്ദ്രങ്ങളിൽ ക്ലാസെടുക്കുക.