കനത്ത മഴ: കക്കാട്ടാര്‍ കരകവിഞ്ഞു, മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു .കോന്നി താലൂക്കിൽ അവധി
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ പെയ്ത കനത്ത മഴയില്‍ കക്കാട്ടാര്‍ കരകവിഞ്ഞു. മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു.
കോന്നി താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. മുൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല .ജില്ലയുടെ കിഴക്കന്‍ വനമേഖല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്നും സംശയമുണ്ട്. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി. കഴിഞ്ഞ ദിവസം മുതല്‍ പത്തനംതിട്ടയില്‍ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു.
ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.
അതേസമയം വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ആലപ്പുഴയില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.