വൈക്കം, ഉദയനാപുരം ക്ഷേത്രോത്സവങ്ങള്ക്കുള്ള കൊടിക്കയർ സമർപ്പണം 30-ന്
വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിനും കൊടികയറ്റാനുള്ള കൊടിക്കയർ അവകാശികളായ ഉന്റാശ്ശേരി കുടുംബക്കാർ 30-ന് രാവിലെ ഇരുക്ഷേത്രങ്ങളിലും ആചാരപൂർവം സമർപ്പിക്കും.
ഇരുക്ഷേത്രങ്ങളിലും കൊടിക്കയർ നിർമിച്ച് സമർപ്പിക്കാനുള്ള പരമ്പരാഗതമായ അവകാശം വൈക്കത്തെ ധീവരസമുദായത്തിൽപ്പെട്ട ഉന്റാശ്ശേരി കുടുംബത്തിനാണ്. രാജഭരണകാലത്ത് രാജാവ് കൽപ്പിച്ച് നൽകിയ അവകാശം ഉന്റാശ്ശേരി കുടുംബം തലമുറകളായി കാത്തുസൂക്ഷിച്ചുപോരുന്നു. അഷ്ടമി ഉത്സവത്തിനും കാർത്തിക ഉത്സവത്തിനും സമാരംഭം കുറിക്കുംമുൻപ് തന്നെ ഉന്റാശ്ശേരി കുടുബാംഗങ്ങൾ വ്രതമെടുത്ത് കൊടിക്കൂറ നിർമിക്കും. പട്ടും നൂലും കയറും ചേർത്താണ് കൊടിക്കയർ തയ്യാറാക്കുന്നത്.
വൈക്കം ക്ഷേത്രത്തിലേക്ക് 56 മീറ്റർ നീളത്തിലും ഉദയനാപുരം ക്ഷേത്രത്തിലേക്ക് 53 മീറ്റർ നീളത്തിലുമാണ് കൊടിക്കയർ നിർമിച്ചത്. 30-ന് രാവിലെ 9.30-ന് ദേശദേവതയായ പോളശ്ശേരി ക്ഷേത്രത്തിൽ ദർശനം നടത്തി കാണിക്ക അർപ്പിച്ചശേഷം കൊടിക്കയർ ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളിക്കും. കുരുത്തോലയിൽ പൊതിഞ്ഞ് ഓലക്കുട ചൂടി തലയിൽ ചുമന്ന് പരമ്പരാഗത രീതിയിലാണ് സമർപ്പണം നടത്തുന്നത്.
വൈക്കം ക്ഷേത്രത്തിലേക്കുള്ള കൊടിക്കയർ എഴുന്നള്ളിപ്പ് പടിഞ്ഞാറെ ഗോപുരനടയിൽ എത്തുമ്പോൾ എത്തുമ്പോൾ വൈക്കം ദേവസ്വം അധികാരികൾ ഔദ്യോഗിക വരവേൽപ്പ് നൽകി കൊടിമരച്ചുവട്ടിലേക്ക് ആനയിക്കും. കൊടിമരത്തിന് മുന്നിൽ തൂശനിലയിട്ട് ദീപം തെളിച്ചശേഷം കൊടിക്കയർ ഉന്റാശ്ശേരി കുടുംബക്കാർ ആചാരപൂർവം സമർപ്പിക്കും. 10.30-ന് ഉദയനാപുരം ക്ഷേത്രത്തിലും കൊടിക്കയർ സമർപ്പിക്കും.
വൈക്കം ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് നവംബർ 24-നും ഉദയനാപുരം ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിന് നവംബർ 19-നും കൊടിയേറും.