തെരുവ് മക്കൾക്കൊപ്പം ഓണമാഘോഷിച്ച് ഫെയ്‌സ് ഫൗണ്ടേഷൻ

തെരുവ് മക്കൾക്കൊപ്പം ഓണമാഘോഷിച്ച് ഫെയ്‌സ് ഫൗണ്ടേഷൻ

ജീവകാരുണ്യ പ്രസ്‌ഥാനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജില്ലാ കളക്ടർ

കൊച്ചി നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഓണാഘോഷം സംഘടിപ്പിച്ച ഫെയ്‌സ് ഫൗണ്ടേഷൻ. അഞ്ഞൂറോളം പേർക്ക് ഓണസദ്യ നൽകിയും ഓണക്കോടി സമ്മാനിച്ചും തുടർച്ചയായ പതിമ്മൂന്നാം വർഷവും തെരുവോണം എന്ന പേരിൽ തെരുവ് മക്കൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു.

ജില്ലാ കളക്ടർ എൻ.എസ് .കെ ഉമേഷ് ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.ജീവകാരുണ്യ പ്രസ്‌ഥാനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ മനുഷ്യരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ഇത്തരം സംഘടനകളുടെ പ്രവർത്തനം സഹായിക്കും. പ്രളയ കാലത്തും കോവിഡ് കാലത്തും ഫെയ്‌സ് ഫൗണ്ടേഷൻ നൽകിയ സേവനങ്ങൾ നാട് എന്നും ഓർമ്മിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഫെയിസ് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ സാനു അധ്യക്ഷത വഹിച്ചു. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കളക്ടർ നിഷാന്ത് നിഹാര മുഖ്യാതിഥിയായിരുന്നു.ഡോ. മേരി അനിത ഓണക്കോടി വിതരണം നിർവഹിച്ചു. ചീഫ് എൻവയോൺമെന്റൽ ഓഫീസർ ബാബു രാജൻ ഓണസദ്യ ഉദ്‌ഘാടനം ചെയ്തു, ഫെയ്‌സ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.ആർ ദേവൻ ആമുഖ പ്രഭാഷണം നടത്തി. ഡോ. ടി.വി രവി, എസ് . മാധവൻ, സെക്രട്ടറി സുഭാഷ് ആർ മേനോൻ, ട്രസ്റ്റികളായ എം.കെ സത്യനാഥ മേനോൻ, ആർ. ഗിരീഷ്, പൊതുപ്രവർത്തകരായ കുമ്പളം രവി, ബിജു തെറോട്ടിൽ എന്നിവർ പ്രസംഗിച്ചു. ഫെയ്‌സ് വൈസ് ചെയർമാൻ ഡോ. ടി. വിനയകുമാർ സ്വാഗതവും എ. എസ് രാജൻ നന്ദിയും പറഞ്ഞു.