എറണാകുളം– വേളാങ്കണ്ണി, കൊല്ലം–തിരുപ്പതി ദ്വൈവാര ട്രെയിനുകൾക്ക് അനുമതി
എറണാകുളം- വേളാങ്കണ്ണി ബൈവീക്കിലി, കൊല്ലം- തിരുപ്പതി ബൈവീക്കിലി ട്രെയിനുകൾക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകി. പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ് തുതൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി. എറണാകുളത്തു നിന്നു തിങ്കൾ, ശനി ദിവസങ്ങളിലാണ് വേളാങ്കണ്ണി സർവീസ്. ഏതാനും വർഷങ്ങളായി സ്പെഷലായി ഈ ട്രെയിൻ ഓടിക്കുന്നുണ്ട്. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തും.
മടക്ക ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്.
തിരുപ്പതി-കൊല്ലം ബൈവീക്കിലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിൻ ബുധൻ, ശനി ദിവസങ്ങളിലും സർവീസ് നടത്തും. തിരുപ്പതിയിൽ നിന്നു ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണു സർവീസ്. മടക്കട്രെയിൻ കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയിലെത്തും. 2 ട്രെയിനുകളും സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ വൈകാതെ പ്രഖ്യാപിക്കും.