ഡൽഹിയിലെ വൈദ്യുതിനയവും സബ്സിഡിയും കേരളത്തിന് മാതൃക
എറണാകുളം: ഡൽഹിയിലെ എ.എ.പി. സർക്കാർ ശാസ്ത്രീയമായി നടപ്പാക്കിയ വൈദ്യുതി സബ്സിഡി പദ്ധതി കേരളത്തിലും പ്രവർത്തികമാണെന്ന് ഡൽഹി ഡയലോഗ് ആൻഡ് ഡവലപ്മെന്റ് കമ്മീഷൻ വൈസ് ചെയർമാനും മുതിർന്ന എ.എ.പി. നേതാവുമായ ജാസ്മിൻ ഷാ. വൈദ്യുതി താരിഫ് പരിഷ്കാരങ്ങളെക്കുറിച്ച് കേരളാ ഡയലോഗ്സ് ഞായറാഴ്ച എറണാകുളത്ത് നടത്തിയ ദേശിയ സെമിനാറിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു, കൊളംബിയ യുണിവേഴ്സിറ്റിയിൽനിന്നുള്ള അന്താരാഷ്ട്ര പബ്ലിക് പോളിസി വിദഗ്ദൻ കൂടിയായ ജാസ്മിൻ ഷാ.
അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്ന എ.എ.പി. സർക്കാർ കൃത്യമായ പഠനങ്ങളുടെ വെളിച്ചത്തിൽ നടപ്പിലാക്കിയ വൈദ്യുതി സബ്സിഡിയുടെ പ്രയോജനം ഡൽഹിയിലെ 80 ശതമാനത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. ആദ്യത്തെ 200 യുണിറ്റ് വൈദ്യുതി പൂർണ്ണസൗജന്യമായും തുടർന്നുള്ള 200 യൂണിറ്റ് പകുതി വിലയ്ക്കുമാണ് ഡൽഹിയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പദ്ധതിയുടെ ഗുണകാംക്ഷികളാകുന്നതിനുവേണ്ടി ജനങ്ങൾ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം ഒഴിവാക്കി. അതോടൊപ്പം ഗണ്യമായി പ്രസരണനഷ്ടം കുറയ്ക്കുകയും, വ്യാപകമായിരുന്ന വൈദുതി മോഷണം തടയുകയും വൻകിട കുടിശ്ശികകൾ തിരിച്ചുപിടിക്കുകയും ഈ മേഖലയിലെ അഴിമതി ഇല്ലാതാക്കുകയും ചെയ്തതോടെ ഡൽഹിയിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമായി. അതോടെ ഡൽഹിയിൽ പതിവായിരുന്ന പവർ കട്ട് ഒഴിവായതായും ജാസ്മിൻ ഷാ വ്യക്തമാക്കി.
ഒരു യൂണിറ്റ് വൈദ്യുതി പോലും സ്വന്തമായി ഉല്പാദിപ്പിക്കാത്ത ഡൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി പൂർണ്ണമായും സൗജന്യമായി നല്കാൻ കഴിയുന്നത് എ.എ.പി. സർക്കാരിന്റെ അഴിമതിരഹിത സദ്ഭരണത്തിന്റെയും ജനക്ഷേമനയപരിപാടികളുടെയും നേർസാക്ഷ്യം കൂടിയാണെന്ന് ജാസ്മിൻ ഷാ പറഞ്ഞു. സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കിയിട്ടും ഡൽഹിയിലെ വൈദ്യുതി വിതരണമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇപ്പോഴും ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു.
സുസ്ഥിരവികസനത്തിനുതകുന്ന സോളാർ-ഇലക്ട്രിക്ക് ഊർജ സ്രോതസ്സുകളുടെ ഉപയോഗത്തിലേക്കു ഡൽഹിയിലെ വൈദ്യുതി മേഖല മാറാൻ തയ്യാറെടുക്കുയാണെന്നും ഡൽഹി ഇലക്ട്രിക്ക് വെഹിക്കിൾ പോളിസി അതിന്റെ ആദ്യ പടിയാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.
2013 മുതൽ ഡൽഹി സർക്കാരിന്റെ ജനപ്രിയ നയപരിപാടികൾ ആവിഷ്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഡൽഹി ഡയലോഗ് എന്ന തിങ്ക് ടാങ്കിന്റെ മാതൃകയിലാണ് കേരളാ ഡയലോഗ്സും രൂപം കൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുമായും നയരൂപീകരണരംഗത്തെ വിദഗ്ദരുമായും സംവദിച്ചു ജനക്ഷേമപദ്ധതികൾ ആവിഷ്കരിക്കുന്നതിൽ പങ്കാളിയാവുക എന്നതാണ് കേരളാ ഡയലോഗ്സിന്റെ പ്രധാന ഉദ്ദേശം. ഈ സംരഭത്തിലെ ആദ്യചുവടുവയ്പാണ് വൈദ്യുതി താരിഫ് പരിഷ്കാരങ്ങളെക്കുറിച്ച് എറണാകുളത്ത് നടത്തിയ ദേശിയ സെമിനാർ.
മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയും എ.എ.പി. ദേശിയ ജോയിന്റ് സെക്രട്ടറിയുമായ പി.സി. സിറിയക് വിഷയാവതരണം നടത്തി. ലോകബാങ്കിൽനിന്നുള്ള സാമ്പത്തിക വിദഗ്ദൻ ഡോ. സെബാസ്റ്റ്യൻ ജെയിംസ്, വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി താരിഫ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനം നടത്തി പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി. മുൻ ചീഫ് എഞ്ചിനിയർമാരായ എൻ. വേണുഗോപാൽ, വി.ആർ. സുധി എന്നിവർ കേരളത്തിന്റെ സാഹചര്യത്തിൽ വൈദ്യുതി താരിഫ് പരിഷ്കാരങ്ങളുടെ സാധ്യതകളെക്കുറിച്ചു സംസാരിച്ചു. പൊതുപ്രവർത്തകനായ ബെന്നി ജനപക്ഷം ഈ വിഷയത്തിൽ ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
എ.എ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ. അരുൺ, സംസ്ഥാന ജില്ലാ ഭാരവാഹികൾ എന്നിവർക്കൊപ്പം പൗരരംഗത്തെ പ്രമുഖരും ഈ സെമിനാറിൽ പങ്കെടുത്തു.