ഡ്രില്ലിങ് നിർത്തിവെച്ചു; തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വൈകും
ഉത്തരാഖണ്ഡിലെ സിൽകാര ടണൽ രക്ഷാദൗത്യം ഇനിയും വൈകും. രക്ഷാദൗത്യത്തിൻ്റെ ഭാഗമായ ഡ്രില്ലിങ് വീണ്ടും തടസ്സപ്പെട്ടു. കടുപ്പമേറിയ അവശിഷ്ടങ്ങളിൽ തട്ടിയതോടെ സുരക്ഷാകുഴൽ അകത്തേക്കു കടത്താൻ പ്രയാസം നേരിട്ടു. നിരവധി ഇരുമ്പ് കമ്പികളും സ്റ്റീൽ പാളികളും കണ്ടതിനെ തുടർന്ന് ഓഗർ മെഷീൻ പ്രവർത്തനം നിർത്തി വെക്കുകയായിരുന്നു.
ഇവ മുറിച്ച ശേഷം മാത്രമേ ഡ്രില്ലിങ് തുടരാനാകൂ. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താൻ ഇനിയും 10 മീറ്ററോളം തുരക്കണം. ഇതുവരെ 50 മീറ്ററോളം ദൂരമാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളിയും മുറിച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്.