അഞ്ച് ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം; കൊല്ലം – എറണാകുളം രാത്രികാല മെമു ശനിയാഴ്ച മുതൽ

അഞ്ച് ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം; കൊല്ലം – എറണാകുളം രാത്രികാല മെമു ശനിയാഴ്ച മുതൽ

എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. മുംബൈ – എറണാകുളം തുരന്തോ എക്സ്പ്രസ്, കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി, പുനെ – എറണാകുളം ബൈ വീക്ക്‌ലി, മഡ്ഗാവ് – എറണാകുളം എക്സ്പ്രസ് എന്നിവ നീട്ടണമെന്നാണ് ആവശ്യം.

തുരന്തോ എക്സ്പ്രസ് മംഗളൂരുവിനും എറണാകുളം നോർത്തിനുമിടയിൽ വേഗം കൂട്ടിയാൽ കോട്ടയം വരെ നീട്ടാൻ സാധിക്കും. മംഗളൂരു- എറണാകുളം 413 കിലോമീറ്റർ ഓടാൻ ഇപ്പോൾ 7 മണിക്കൂർ 35 മിനിറ്റാണ് തുരന്തോയെടുക്കുന്നത്. ഇത് 6.15 മണിക്കൂറായി ചുരുക്കാൻ കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കാരയ്ക്കൽ – എറണാകുളം ട്രെയിനും പുനെ – എറണാകുളം ബൈവീക്ക്‌ലിയും കോട്ടയത്തേക്കു നീട്ടാൻ സാങ്കേതിക തടസ്സങ്ങളില്ല. 5 പ്ലാറ്റ്ഫോമുകളുണ്ടായിട്ടും ഇതുവരെ പുതിയ ട്രെയിനുകൾ കോട്ടയത്തിന് അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ട്രെയിനുകൾ ഇവിടേക്കു നീട്ടാൻ സാധിക്കുമെങ്കിലും അതും റെയിൽവേ ചെയ്യുന്നില്ലെന്നാണ് പരാതി.

അതേസമയം, രാത്രി 9.05നുള്ള കൊല്ലം- എറണാകുളം മെമു എക്സ്പ്രസ് (06442) 9-ാം തീയതി മുതൽ കോട്ടയം വഴി സർവീസ് നടത്തും. രാത്രി 12.30ന് എറണാകുളത്ത് എത്തും. പുലർച്ചെ എറണാകുളത്തു നിന്നു യാത്ര തുടങ്ങുന്ന ട്രെയിനുകളിൽ പോകേണ്ട യാത്രക്കാർക്കു സർവീസ് ഉപകാരപ്പെടും. പുലർച്ചെ 2.15നുള്ള എറണാകുളം – പുനെ, എറണാകുളം – നിസാമുദ്ദീൻ വീക്ക്‌ലി ട്രെയിനുകൾക്കു കണക്ഷൻ ട്രെയിനായി ഉപയോഗിക്കാം.

നിർത്തുന്ന സ്റ്റേഷനുകളും സമയവും– പെരിനാട്–9.16, മൺറോതുരുത്ത്–9.23, ശാസ്താംകോട്ട–9.30, കരുനാഗപ്പള്ളി–9.40, ഓച്ചിറ–9.49, കായംകുളം–9.57, മാവേലിക്കര–10.07, ചെറിയനാട്–10.14, ചെങ്ങന്നൂർ–10.21, തിരുവല്ല–10.30, ചങ്ങനാശേരി–10.39, കോട്ടയം–10.57, ഏറ്റുമാനൂർ–11.10, കുറുപ്പന്തറ–11.18, വൈക്കം റോഡ്–11.26, പിറവം റോഡ്–11.33, മുളന്തുരുത്തി–11.45, തൃപ്പൂണിത്തുറ–11.56, എറണാകുളം–12.30.