മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാ തീരം കടന്നു, ദുർബലമായതായി കാലാവസ്ഥാവകുപ്പ്
മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരം കടന്നു. ഇപ്പോൾ വടക്ക് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ദുർബലമായതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ആന്ധ്രയുടെ തീരദേശജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. എൻടിആർ, ബപട്‌ല, ഗുണ്ടൂർ, പ്രകാശം ഈസ്റ്റ് ഗോദാവരി, കോനസീമ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. അതേസമയം, ആന്ധ്രാപ്രദേശിന്റെ വടക്കൻ ജില്ലകളായ തിരുപ്പതി, നെല്ലോർ എന്നിവിടങ്ങളിൽ മഴയിൽ നേരിയ കുറവ് അനുഭവപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വിലയിരുത്തി.
അടിയന്തര നടപടികള്‍ക്കായി 22 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേനകളെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. അറുപതിനായിരത്തോളം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കാന്‍ ആന്ധ്രയിൽ ക്രമീകരണം ഒരുക്കിയിരുന്നു.