കപ്പൽശാല തൊഴിലാളികളുടെ പ്രതിഷേധം
കൊച്ചി: കൊച്ചി കപ്പൽ ശാലയിലെ കരാർ തൊഴിലാളികളുടെ ബോണസ് പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ ഷിപ്പ് യാർഡ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സന്നിധി ഗേറ്റിൽ നിന്ന് ആരംഭിച്ച പ്രകടനം നോർത്ത് ഗേറ്റിൽ സമാപിച്ചു തുടർന്ന് നടന്ന പ്രതിഷേധ യോഗം സിഐടിയു ജില്ല ജോ: സെക്രട്ടറിയും , വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
കപ്പൽശാലയിൽ മാനേജ്മെൻറും കരാറുകളുടെ സംഘടനകളും യൂണിയനും ചേർന്ന് വിഷയത്തിൽ കാലങ്ങളായി തുടർന്നു പോരുന്ന മാനദണ്ഡപ്രകാരമുള്ള ബോണസ് ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂണിയൻ വൈസ് പ്രസിഡന്റ് ഒ ഡി ആൽബർട്ട് അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ല കമ്മിറ്റി അംഗം പി എ വിനീഷ് സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എം എൻ അയ്യപ്പൻ, എൻ കെ ഷാജി, സുഭാഷ് ചന്ദ്രൻ , ടി ബി പ്രമോദ്, കെ ജി വിന്നസ് , കെ കെ ശിവജി, ജൂനസ് എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.