4 സോളാർ ബോട്ട് കൂടി വരുന്നു. ആദ്യ ബോട്ട് നവംബർ ആദ്യം സർവീസിന്

4 സോളാർ ബോട്ട് കൂടി വരുന്നു. ആദ്യ ബോട്ട് നവംബർ ആദ്യം സർവീസിന്

അഞ്ച്‌ വർഷത്തിനുള്ളിൽ 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ നാല്‌ സോളാർ ബോട്ടുകൂടി നീറ്റിലിറങ്ങും. വൈക്കം–തവണക്കടവ്‌ റൂട്ടിൽ അഞ്ച്‌ വർഷമായി സർവീസ്‌ നടത്തുന്ന “ആദിത്യ’ സോളാർ ബോട്ടിന്റെ മാതൃകയിലാണ്‌ ജലഗതാഗത വകുപ്പിനായി സോളാർ ബോട്ടുകൾ ഒരുങ്ങുന്നത്‌. ആദ്യ ബോട്ട്‌ ഒക്‌ടോബർ പകുതിയോടെയും രണ്ടാം ബോട്ട്‌ നവംബറിലും വകുപ്പിന്‌ ലഭിക്കും. മറ്റ്‌ ബോട്ടുകളുടെ നിർമാണം ഡിസംബർ, ജനുവരി മാസങ്ങളിൽ പൂർത്തിയാകും. ആദ്യ ബോട്ട്‌ മുഹമ്മ–മണിയാപറമ്പ്‌ റൂട്ടിൽ നവംബർ ആദ്യം സർവീസ്‌ തുടങ്ങും. കുസാറ്റാണ്‌ നിർമാണ സാങ്കേതികസഹായം വഹിക്കുന്നത്‌. മാസത്തിൽ ഒരുബോട്ട്‌ വീതം സർവീസിന്‌ എത്തിക്കാനാണ്‌ തീരുമാനം. സുരക്ഷിതവും ശബ്‌ദരഹിതവുമാണ്‌ ഇവ.

ചേർത്തല പാണാവള്ളിയിലെ യാർഡിൽ കട്ടമരം ശൈലിയിലുള്ള (കറ്റാമരൻ) ബോട്ടുകളുടെ ഹൾ നിർമാണം നേരത്തെ പൂർത്തിയായി. സൂപ്പർ സ്‌ട്രക്‌ചർ സ്ഥാപിക്കുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്‌. ഇന്ത്യൻ രജിസ്‌ട്രാർ ഓഫ്‌ ഷിപ്പിങ്ങിന്റെയും (ഐആർഎസ്‌) മാരിടൈം ബോർഡിന്റെയും സുരക്ഷാപരിശോധനയ്‌ക്ക്‌ ശേഷമാകും സർവീസ്‌ ആരംഭിക്കുക. 1.80 കോടി രൂപയാണ്‌ ഒരു ബോട്ടിന്റെ നിർമാണച്ചെലവ്‌. 30 സീറ്റ്‌ വീതം ഉണ്ടാകും. രണ്ടാംഘട്ടമായി 75–100 സീറ്റുള്ള ബോട്ട്‌ നിർമിക്കാനും പദ്ധതിയുണ്ട്‌.

ആലപ്പുഴയ്‌ക്ക്‌ പുറമേ കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ സോളാർ ഫെറി പരിഗണിക്കുന്നുണ്ട്‌. സോളാർ ബോട്ടുകൾ പരിഗണിക്കുന്ന റൂട്ടുകളിൽ സാധാരണ ഡീസൽ ബോട്ടുകൾക്ക്‌ പ്രതിമാസം 12,000 രൂപവരെയാണ്‌ ശരാശരി ഇന്ധനച്ചെലവ്‌. സോളാർ ബോട്ടുകൾക്ക്‌ മാസം 350 മുതൽ 500 രൂപ വരെ മാത്രമേ ചെലവാകൂ. അറ്റകുറ്റപ്പണിയും കുറവ്‌. സൂര്യപ്രകാശം കുറയുന്ന മൺസൂൺ സമയത്താണ്‌ ഇവയ്‌ക്ക്‌ റീച്ചാർജിങ്ങിനായി ചെലവുണ്ടാകുക.