ചെസ്‌ ലോകകപ്പ്‌ ഫൈനൽ ; കാൾസനെ പൂട്ടി പ്രഗ്നാനന്ദ

ചെസ്‌ ലോകകപ്പ്‌ ഫൈനൽ ; കാൾസനെ പൂട്ടി പ്രഗ്നാനന്ദ

ചെസ്‌ ലോകകപ്പ്‌ ഫൈനലിലെ ആദ്യകളിയിൽ സമനിലപ്പൂട്ട്‌. ഇന്ത്യയുടെ കൗമാര വിസ്‌മയം ആർ പ്രഗ‍്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്‌നസ്‌ കാൾസനെ തളച്ചു. 35 നീക്കത്തിനൊടുവിൽ ഇരുവരും കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന്‌ രണ്ടാംമത്സരം നടക്കും. ജയിക്കുന്നവർക്ക്‌ ലോകകപ്പ്‌. മത്സരം സമനിലയായാൽ വിജയിയെ നാളെ ടൈബ്രേക്കർ വഴി നിശ്‌ചയിക്കും.

ലോകവേദിയിലെ നിർണായക പോരാട്ടത്തിൽ പതിനെട്ടുകാരന്‌ അമ്പരപ്പോ പരിഭ്രമമോ ഇല്ലായിരുന്നു. വെള്ളക്കരുക്കളുമായി ആത്മവിശ്വാസത്തോടെയുള്ള കരുനീക്കൾ. ഒന്നാംറാങ്കുകാരനായ കാൾസനും പ്രഗ‍്നാനന്ദയെ നിസ്സാരനായി കണ്ടില്ല. ഇരുവരും ജാഗ്രതയോടെ തുടങ്ങി അവസാനിപ്പിച്ചു.

സെമിയിൽ ലോക മൂന്നാംറാങ്കുകാരനായ ഫാബിയോ കരുവാനയെ തോൽപ്പിച്ചാണ്‌ പ്രഗ‍്നാനന്ദ ആദ്യമായി ഫൈനലിൽ കടന്നത്‌. വിശ്വനാഥൻ ആനന്ദിനുശേഷം ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരനാണ്‌. 2000, 2002 വർഷങ്ങളിൽ ആനന്ദ്‌ ജേതാവായിരുന്നു. അന്ന്‌ 24 കളിക്കാർ പങ്കെടുത്ത ലീഗ്‌ കം നോക്കൗട്ട്‌ മത്സരമായിരുന്നു.

2005 മുതൽ ലോകകപ്പ്‌ നോക്കൗട്ട്‌ അടിസ്ഥാനത്തിലാണ്‌. ഇക്കുറി 206 കളിക്കാരാണ്‌ അണിനിരന്നത്‌. ആദ്യ മൂന്ന്‌ സ്ഥാനക്കാർക്ക്‌ അടുത്തവർഷം നടക്കുന്ന കാൻഡിഡേറ്റ്‌സ്‌ ടൂർണമെന്റിൽ കളിക്കാമെന്ന സവിശേഷതയുണ്ട്‌. നിലവിലെ ലോകചാമ്പ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള ഈ ടൂർണമെന്റിൽ പ്രഗ‍്നാനന്ദക്കും കളിക്കാം.

ഈ അവസരം ലഭിക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്‌. മാഗനസ്‌ കാൾസനും ബോബി ഫിഷറും പതിനാറാംവയസ്സിൽ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്‌. ലൂസേഴ്‌സ്‌ ഫൈനലിൽ ആതിഥേയരായ അസർബൈജാന്റെ നിജാത്‌ അബസോവ്‌ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോൽപ്പിച്ചു. ഇന്ന്‌ സമനില നേടിയാൽ നിജാതിന്‌ മൂന്നാംസ്ഥാനം ലഭിക്കും.