തട്ടിപ്പ് കേസ്: കെ സുധാകരൻ ഇഡിക്ക് മുന്നിൽ ഹാജരാവില്ല

തട്ടിപ്പ് കേസ്: കെ സുധാകരൻ ഇഡിക്ക് മുന്നിൽ ഹാജരാവില്ല

 

മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കും. കേസിൽ 18ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നു.

ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്താനായിരുന്നു നിർദ്ദേശം. മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

കെ സുധാകരൻ പണം കൈമാറുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നതായി പരാതിക്കാരൻ മൊഴിനൽകിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐജി ലക്ഷ്മൺ ഇതുവരെ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. എന്നാൽ ലക്ഷ്മണിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനും കൂടുതൽ പേരുടെ മൊഴിയെടുക്കാനുമാണ് ഇഡി നീക്കം.