പുതിയ ഡിജിറ്റൽ പരസ്യ നയത്തിന് അംഗീകാരം നൽകി കേന്ദ്രം
പുതിയ ഡിജിറ്റൽ പരസ്യനയം– 2023 അംഗീകരിച്ച് കേന്ദ്രസർക്കാർ. പത്രങ്ങളും ചാനലുകൾക്കുമുള്ള പരസ്യങ്ങൾ വൻതോതിൽ വെട്ടിക്കുറക്കുമെന്ന് സൂചന നൽകി.
രാജ്യത്തെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെയും മൊബൈൽഫോൺ ഉപയോഗിക്കുന്നവരുടെയും എണ്ണം ഉയർന്നതിനാൽ ചെലവുകുറവുള്ള ഡിജിറ്റൽ പരസ്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന നയമാണിതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ഒടിടി, വീഡിയോ ഓൺ ഡിമാൻഡ് സ്പേസ് എന്നിവയിൽ ഏജൻസികളെയും സ്ഥാപനങ്ങളെയും വെബ്‌സൈറ്റുകളുടെയും പേര് എംപാനൽ ചെയ്‌താവും സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സിബിസി) പരസ്യം അനുവദിക്കുക. പരസ്യം നൽകാനും നിഷേധിക്കാനുമുള്ള അന്തിമാധികാരം സിബിസി ഡയറക്ടർ ജനറലിന്റെയോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലിന്റെയോ നേതൃത്വത്തിലുള്ള ആറംഗ സമിതിക്കാണ്.
സമൂഹ മാധ്യമങ്ങൾക്ക് പുറമേ ഡിജിറ്റൽ ഓഡിയോ പ്ലാറ്റ്‌ഫോം, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങി എല്ലാത്തരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും പരസ്യം ലഭിക്കും.
മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും എംപാനൽ ചെയ്യാം. ഇ-പേപ്പറുകൾക്ക് പരസ്യം നൽകില്ല. മൂന്നുവർഷത്തേയ്ക്ക് നിശ്ചയിക്കപ്പെടുന്ന നിരക്കിനായി മത്സരാധിഷ്‌ഠിത ബിഡ്ഡിങ് നടത്തും.