കര്‍ക്കിടകം അവസാനിക്കുന്നു; 43 ശതമാനം മഴയുടെ കുറവ്
കര്‍ക്കിടകം അവസാനിക്കാറായിട്ടും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ അതീവ ദുര്‍ബലമായി തുടരുന്നു. സംസ്ഥാനത്ത് ഒരു ജില്ലയിലും സാധാരണ മഴ ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 13 വരെയുള്ള കാലയളവില്‍ സംസ്ഥാത്ത് മഴയുടെ ലഭ്യതയില്‍ 43 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. 1528.1 മഴയാണ് ഇക്കാലയളവില്‍ ലഭിക്കേണ്ടിയിരുന്നത്. കിട്ടിയത് 876.3 മില്ലീ മീറ്റര്‍ മഴയും.
സംസ്ഥാനത്ത് ഏറ്റവും മഴകുറവ് ഇടുക്കി ജില്ലയിലാണ്. 59 ശതമാനം മഴയുടെ കുറവാണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1884.9 മില്ലീ മീറ്റര്‍ മഴ പെയ്യേണ്ടിയിരുന്ന ഇടുക്കിയില്‍ ലഭിച്ചത് 770.8 മില്ലീ മീറ്റര്‍ മഴയാണ്. വയനാട്ടില്‍ 54 ശതമാനവും കോഴിക്കോട് 53 ശതമാനവും മഴയുടെ കുറവാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത്.
1124.8 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട കാലയളവില്‍ 845.6 മില്ലീ മീറ്റര്‍ മഴ പെയ്തു. അതായത് പ്രതീക്ഷിച്ചിരുന്നതില്‍ 75 ശതമാനം മഴയും പത്തനംതിട്ടയില്‍ കിട്ടി. പാലക്കാട്ടും കോട്ടയത്തും 48 ശതമാനം വീതവും തൃശൂരില്‍ 46 ശതമാനവും മലപ്പുറത്ത് 44 ശതമാനവും തിരുവനന്തപുരത്ത് 41 ശതമാനവും എറണാകുളത്ത് 36 ശതമാനവും കൊല്ലത്ത് 28 ശതമാനവും കാസര്‍ഗോഡ് 27 ശതമാനവും മഴയുടെ കുറവാണ് ഇടവപ്പാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് ഇനിയും ശക്തിപ്രാപിക്കാത്തത് കുടിവെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയില്‍ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കാരണമായേക്കാം. മഴ കുറഞ്ഞതോടെ നദികളിലെ നീരൊഴുക്കും കുറഞ്ഞു. മഴ കുറഞ്ഞതും നദികളിലെ നീരൊഴുക്ക് നിലയ്ക്കുന്നതും കാരണം സംസ്ഥാനത്തെ കെ എസ് ഇ ബി ലിമിറ്റഡിന്റെ സംഭരണികളിലും ജലനിരപ്പ് കുത്തനെ താഴ്ന്നു. സംഭരണ ശേഷിയുടെ 37 ശതമാനം ജലം മാത്രമാണ് നിലവിലുള്ളത്. അതേസമയം 2022 ആഗസ്റ്റ് 13ന് 83 ശതമാനം ജലം കെ എസ് ഇ ബി ലിമിറ്റഡിന്റെ സംഭരണികളിലുണ്ടായിരുന്നു. ഇടുക്കിയില്‍ 81 ശതമാനവും ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പമ്ബയില്‍ 80 ശതമാനം ജലവും ഇക്കാലയളവിലുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ഇത് യഥാക്രമം 32 ശതമാനവും 35 ശതമാനവുമാണ്.
സംഭരണികളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ കെ എസ് ഇ ബി ആഭ്യന്തര വൈദ്യുതോല്‍പ്പാദനം വെട്ടിക്കുറച്ചു. ശരാശരി 15.81 ദശലക്ഷം യൂനിറ്റ് ജലവൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവിലെ വൈദ്യുത ഉപഭോഗം 82.81 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 64.17 ദശലക്ഷം യൂണിറ്റും ഇറക്കുമതി ചെയ്യുകയാണ്. അതായത് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 77.49 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിച്ചാണ് കെ എസ് ഇ ബി ലിമിറ്റഡ് വൈദ്യുതി വിതരണം ചെയ്യുന്നത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2023 അവസാനിക്കുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്ത് കടുത്ത ജലക്ഷാമത്തിന് കാരണമാവും. തുലാവര്‍ഷത്തിലും സംസ്ഥാനത്ത് ശരാശരി 210 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കുക. ഇത് കാര്‍ഷിക മേഖലയില്‍ വലിയ ആഘാതം ഉണ്ടാക്കിയേക്കാം. 2015-16 കാലത്ത് കടുത്ത വരള്‍ച്ചയ്ക്ക് ശേഷം കേരളത്തില്‍ ഇത്തരം ഒരു സാഹചര്യം ആദ്യമാണെന്നാണ് കാലാവസ്ഥ വിദഗ്ധരും വിലയിരുത്തുന്നത്.