ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ.

1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്‍റർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ.

സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്.