ബാങ്ക് അക്കൗണ്ടില്‍ നിന്ന് 330 രൂപ പോയോ
പലർക്കും ബാങ്ക് അക്കൗണ്ടിൽ നിന്ന് 330 രൂപ പിടിച്ചതായി സന്ദേശം ഇതിനോടകം വന്നിട്ടുണ്ടാകും.. ഇത് എങ്ങോട്ട് പോയി എന്നോര്‍ത്ത് ടെന്‍ഷനാകേണ്ട ആവശ്യമില്ല.. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബി) പ്രകാരമാണ് ഈ തുക പിടിച്ചത്. അതായത്, ഈ പദ്ധതിയിൽ ചേർന്നവരുടെ സേവിങ്സ് ബാങ്കിൽ നിന്നാണ് ഇത്തരത്തിൽ തുക പിടിച്ചിരിക്കുന്നത്.
_പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന_
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന കേന്ദ്ര സർക്കാറിന് കീഴിൽ ബാങ്കുകൾ വഴി നൽകുന്നൊരു ഇൻഷുറൻസ് സ്കീമാണ്. 18 നും 50 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഇത് ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിന് കീഴിൽ, ഏതെങ്കിലും കാരണത്താൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ അകാല മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. പദ്ധതിയുടെ പ്രീമിയം പ്രതിവർഷം 300 മുതൽ 436 രൂപ വരെയാണ്. ഈ തുക ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും.
_പദ്ധതി ഒഴിവാക്കാന്‍_
സേവിങ്സ് അക്കൗണ്ടിൽ നിന്ന് വർഷത്തിൽ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയുടെ പ്രീമിയം ഓട്ടോ ഡെബിറ്റ് ചെയ്യുന്നത് നിർത്തുന്നതിന് പദ്ധതി ഒഴിവാക്കണം. പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെ സബ്സ്ക്രിപ്ഷൻ നിർത്താൻ ബാങ്കിന് അപേക്ഷ നൽകാം. അപേക്ഷ സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സ്കീം ഒഴിവാക്കും. പിന്നീട് തുക പിടിക്കില്ല.
_പോളിസി റദ്ദാകും_
ഒരാൾക്ക് ഒരൊറ്റ അക്കൗണ്ടിൽ നിന്നേ പദ്ധതിയിൽ ചേരാൻ സാധിക്കു. ഒന്നിൽ കൂടുതൽ സേവിങ്സ് അക്കൗണ്ട് ഉള്ളവർ ഏത് അക്കൗണ്ട് വേണമെന്നത് തിരഞ്ഞെടുക്കാം. പോളിസി ഉടമയ്ക്ക് 55 വയസ് പൂർത്തിയാകുന്നതോടെ പോളിസി റദ്ദാകും. അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലോ അക്കൗണ്ട് പ്രവർത്തനരഹിതമായാലോ പോളിസി റദ്ദാകും.