2000 കോടി എടുക്കാൻ കേന്ദ്രാനുമതി; ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ കേരളം

2000 കോടി എടുക്കാൻ കേന്ദ്രാനുമതി; ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ കേരളം

2000 കോടി എടുക്കാൻ കേന്ദ്രാനുമതി; ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ കേരളം

ഡിസംബറിനു ശേഷം എടുക്കേണ്ട കടം, കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കേരളം മുൻകൂറായി എടുക്കുന്നു. 1500 കോടിയുടെ കടപ്പത്രങ്ങളുടെ ലേലം 28ന് നടക്കും.

ഡിസംബർ വരെ കേരളത്തിന് 21,800 കോടി രൂപ എടുക്കാനാണ് കേന്ദ്രം അനുവാദം നൽകിയത്. കിഫ്ബിക്കും സാമൂഹികസുരക്ഷാ പെൻഷനും എടുത്ത വായ്പ വെട്ടിക്കുറച്ചിട്ടാണിത്. ഇതിൽ ഇനി 52 കോടിയേ ശേഷിക്കുന്നുള്ളൂ. ദൈനംദിന പ്രവർത്തനങ്ങൾ പോലും നടക്കാത്ത വിധം സാമ്പത്തിക പ്രതിസന്ധിയായതോടെയാണ് വായ്പ മുൻകൂറായി എടുക്കാൻ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്. 2000 കോടി എടുക്കാനാണ് താത്കാലിക അനുമതി തേടിയത്. ഇത് കേന്ദ്രസർക്കാർ അനുവദിച്ചു. ഇതിൽ 1500 കോടിയാണ് 28ന് എടുക്കുന്നത്

ഡിസംബറിനു ശേഷം മാർച്ചു വരെ 3700 കോടി രൂപയുടെ വായ്പയാണ് കേരളം പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 1500 കോടി എടുത്താൽ സാമ്പത്തികവർഷാവസാനം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്കു വീഴും. എന്നാൽ, വൈദ്യുതിമേഖലയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ പേരിൽ 5073 കോടിയുടെ വായ്പയ്ക്ക് കേരളത്തിന് അർഹതയുണ്ട്. ഇതിൽ 4500 കോടി രൂപ കേന്ദ്രം അനുവദിക്കുമെന്നാണ് കേരളം കരുതുന്നത്. ഇക്കാര്യത്തിൽ കേന്ദ്രനിലപാട് അനുകൂലമാക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.

മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നു ശതമാനമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നത്. ഇത്തവണ ഒരു ശതമാനം അധികം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കിഫ്ബി വഴി ദേശീയപാതയ്ക്ക് സ്ഥലമെടുക്കാൻ നൽകിയ 5500 കോടി വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറച്ചത് തിരിച്ച് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടു കാര്യങ്ങളിലും കേന്ദ്രം ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. അതേസമയം, ഓരോ ദിവസവും കടം കൂടി വരുന്ന സംസ്ഥാനത്തിന് അത് തിരിച്ചടയ്ക്കാനുള്ള യാതൊരു വഴിയും മുന്നിലില്ല എന്നത് ആശങ്കാജനകമാണ്.