സച്ചിന്റെ ലോകകപ്പ് റണ്‍നേട്ടം മറികടന്ന് രോഹിത്; ഏകദിനത്തില്‍ ഈ വര്‍ഷം 1000 റണ്‍സും
ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 31-ൽ എത്തിയപ്പോഴാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. നേരത്തേ ശുഭ്മാൻ ഗിൽ ഈ വർഷം ഏകദിനത്തിൽ 1000 റൺസ് തികച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 101 പന്തിൽ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം രോഹിത് 87 റൺസെടുത്തിരുന്നു. ഈ വർഷം കളിച്ച 22 ഏകദിനങ്ങളിൽ നിന്നായി 55.57 ശരാശരിയിൽ രോഹിത്തിന് 1056 റൺസായി. രണ്ട് സെഞ്ചുറിയും എട്ട് അർധ സെഞ്ചുറികളും അടക്കമാണ് ഈ നേട്ടം.
അതേസമയം, എല്ലാ ലോകകപ്പുകളിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത്, സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 45 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 56.95 ശരാശരി 2278 റൺസായിരുന്നു സച്ചിൻ്റെ നേട്ടം. ആറ് സെഞ്ചുറികളും 15 അർധ സെഞ്ചുറികളും ഉൾപ്പെടെയായിരുന്നു ഇത്.
59 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 63.12 ശരാശരിയിൽ 2525 റൺസ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാമത്.
ഈ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്നായി 66.33 ശരാശരിയിൽ 398 റൺസെടുത്ത രോഹിത് നിലവിൽ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും ഉൾപ്പെടെയാണ് രോഹിത്തിന്റെ നേട്ടം.