മൂന്ന് വയസുകാരി വെളിച്ചത്തിലേക്ക് കൺ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യം ഒരിക്കൽ കൂടി പ്രകാശം പരത്തുന്നു.
ആലപ്പുഴ പുന്നപ്രയിലെ മൂന്ന് വയസുകാരി വെളിച്ചത്തിലേക്ക് കൺ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യം ഒരിക്കൽ കൂടി പ്രകാശം പരത്തുന്നു. കുഞ്ഞ് അമീറയ്ക്ക് കാഴ്ച എന്നത് മമ്മൂട്ടിയുടെ സിനിമയുടെ പേരല്ല, അദ്ദേഹം തന്ന ജീവിത സൗഭാഗ്യമാണ്. ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12-ന് തന്നെ കാഴ്ച്ച ശക്തി നേടിയ അമീറ ആശുപത്രി വിടും എന്നതും മറ്റൊരു പ്രത്യേകത.
ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിഖ്- കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരി അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.
ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി. വാർത്തകൾ ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവകാരുണ്യസംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികിത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി തുടർ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിനോട് നിർദ്ദേശിച്ചു.
അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ നേത്ര ബാങ്കിന്റെ സുവർണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റി വക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുവാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു.
തങ്ങളുടെ പിഞ്ചോമനയുടെ ജീവിതം തന്നെ രക്ഷിച്ച മമ്മൂട്ടിയെ കണ്ട് നന്ദി പറയണം എന്ന് മാത്രമാണ് കുട്ടിയുടെ മാതാപിതാക്കളുടെ ഏക ആഗ്രഹം. ‘അല്ലങ്കിലും അവൾ ആ കണ്ണുകൾ കൊണ്ട് കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ’, സിദ്ദിഖ് പറയുന്നു.